വയനാട്: വയനാട് ഡി.സി.സി. ട്രഷററായിരുന്ന എന്‍.എം. വിജയന്റെ കടബാധ്യത കെ.പി.സി.സി. അടച്ചുതീര്‍ത്തു. വിജയന്റെ പേരിലുള്ള 60 ലക്ഷം രൂപയുടെ ബാധ്യതയാണ് പാർട്ടി ഏറ്റെടുത്തത്.
സുല്‍ത്താന്‍ ബത്തേരി ബാങ്കില്‍ വിജയനുണ്ടായിരുന്ന 60 ലക്ഷം രൂപയുടെ കുടിശ്ശികയാണ് കെ.പി.സി.സി. അടച്ചുതീര്‍ത്തത്. കടബാധ്യത ഏറ്റെടുക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്‍പ് ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത പത്ത് ലക്ഷം രൂപയും, കുടുംബത്തിന്റെ ഉപജീവനത്തിന് 20 ലക്ഷം രൂപയും പാര്‍ട്ടി നല്‍കിയിരുന്നു.
2007 നവംബര്‍ 17-നാണ് വിജയന് ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. ഇത് പിന്നീട് ഘട്ടംഘട്ടമായി ഉയര്‍ത്തി 2021 ഏപ്രില്‍ 26-ന് 40 ലക്ഷം രൂപയായി പുതുക്കിയിരുന്നു. പിന്നീട് വായ്പയിലേക്ക് പണം അടയ്ക്കാത്തതാണ് ബാധ്യത വര്‍ധിക്കാന്‍ കാരണം. വിജയന്റെ മരണശേഷം പാര്‍ട്ടി കുടുംബത്തെ കൈവിടില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഈ വിഷയത്തെ പെരുപ്പിച്ച് കാണിച്ച് കോണ്‍ഗ്രസിനെതിരെ സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രചാരണം നടത്തിയിരുന്നു.