മറിയക്കുട്ടിക്ക് സ്നേഹവീടൊരുക്കി കെപിസിസി; കെ. സുധാകരന്‍ എംപി ഇന്ന് താക്കോല്‍ ദാനം നിർവഹിക്കും

Jaihind Webdesk
Friday, July 12, 2024

 

ഇടുക്കി: ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരം നടത്തിയതിന് സിപിഎം പരസ്യമായി അധിക്ഷേപിച്ച മറിയക്കുട്ടിക്ക് കെപിസിസി നിർമ്മിച്ചു നൽകിയ വീടിന്‍റെ താക്കോൽ ദാനം ഇന്ന് നടക്കും. അടിമാലി 200 ഏക്കറിന് സമീപമുള്ള സ്ഥലത്താണ് വീട് നിർമ്മിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി വീടിന്‍റെ താക്കോൽ ദാനം നിർവഹിക്കും. കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 1118-ാ മത്തെ വീടാണ് മറിയക്കുട്ടിയുടേതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

മറിയക്കുട്ടിക്ക് സ്വന്തമായി വീടില്ലായിരുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചതിന്‍റെ പേരില്‍ ഇവര്‍ക്ക് രണ്ട് വീടും ഒന്നരയേക്കര്‍ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയും ഉണ്ടെന്നും മക്കള്‍ വിദേശത്താണെന്നും ഉള്‍പ്പെടെയുള്ള വ്യാജപ്രചാരണം സിപിഎമ്മും പാർട്ടി പത്രവും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മറിയക്കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പ്രഖ്യാപിച്ചത്. കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു.

മറിയക്കുട്ടിക്ക് വീട് സമയബന്ധിതമായി നിര്‍മ്മിച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്‍റെ പ്രതീകമാണ് മറിയക്കുട്ടിയെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി പ്രതികരിച്ചു. പെന്‍ഷന്‍ പോലും ലഭിക്കാതെ നിത്യജീവിതം വഴിമുട്ടിയപ്പോള്‍ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തിയതിന് പ്രതികാരനടപടിയായിരുന്നു മറിയക്കുട്ടി നേരിടേണ്ടിവന്നത്. സിപിഎം അവരുടെ ജീവിതം കശക്കിയെറിഞ്ഞപ്പോള്‍ ചേര്‍ത്തു പിടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. വെറുംവാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന അവരുടെ ഹൃദയവികാരമാണ് കോണ്‍ഗ്രസെന്നും കെ. സുധാകരന്‍ എംപി കൂട്ടിച്ചേര്‍ത്തു.

കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രനെയാണ് വീടിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല കെപിസിസി നല്‍കിയത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ മറിയക്കുട്ടിയുടെ മകളുടെ ഭര്‍ത്താവിന്‍റെ വീടുനിന്ന സ്ഥലത്താണ് 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിച്ചത്. മറിയക്കുട്ടിയുടേയും കുടുംബത്തിന്‍റെയും ആഗ്രഹത്തിനും അഭിപ്രായത്തിനും അനുസരിച്ചാണ് വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയതെന്നും ഇതുവരെ 12 ലക്ഷത്തോളം തുക വീട് നിര്‍മ്മാണത്തിനായി ചെലവായെന്നും വി.പി. സജീന്ദ്രന്‍ പറഞ്ഞു.