
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെത്തണമെന്നും അഴിമതിക്ക് കൂട്ടുനിന്ന ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറി.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുമാണ് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. എസ്.ഐ.ടിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. സ്വര്‍ണ്ണക്കൊള്ളയിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കളവ് പോയ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ കുറ്റപത്രം വൈകിപ്പിക്കുന്നത് ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംരക്ഷിക്കാന്‍ സ്പീക്കര്‍ സഭയിലും പുറത്ത് പോലീസും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ഇത്ര വലിയ കൊള്ള നടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരായ കെ. മുരളീധരന്, എം.എം. ഹസ്സന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, വിവിധ ഡി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.