കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദുരിതകാലം കൊയ്ത്തുകാലം, കൊവിഡിന്‍റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, May 19, 2020

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദുരിതകാലം കൊയ്ത്തുകാലമെന്ന് കോണ്‍ഗ്രസ്. കൊവിഡ് പ്രതിരോധത്തിനിടയില്‍ സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  വൈദ്യുതി നിരക്കില്‍ സംസ്ഥാനത്ത് പകല്‍ കൊള്ളയാണ് നടക്കുന്നത്. ഉദ്യോഗസ്ഥർ ഇഷ്ടാനുസരണം ഏർപ്പെടുത്തുന്ന നിരക്കുകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മദ്യമേഖല സ്വകാര്യ മേഖലക്ക് അടിയറവ് വയ്ക്കുകയാണ്. ബിവറേജസിന് ലഭിക്കേണ്ട തുക സര്‍ക്കാര്‍ ബാറുടമകളുമായി  പങ്കുവയ്ക്കുന്നു.  കൊവിഡിന്‍റെ  മറവില്‍ ഭീമമായ അഴിമതിയാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കണം. 13 ലക്ഷം കുട്ടികളുടെ ജീവൻ കൊണ്ട് പന്താടാനാണ് സർക്കാർ ശ്രമം. അധ്യാപകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സർക്കാരിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡ് മാനദണ്ഡങ്ങളിൽ പോലും സിപിഎം രാഷ്ട്രീയം കാണുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.  ബോധപൂർവ്വമാണ് പ്രതിപക്ഷത്തെ മാറ്റി നിർത്തുന്നത്. പ്രവാസികളെ തിരിച്ച് കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. സർക്കാർ ഇക്കാര്യത്തിൽ തണുപ്പൻ സമീപനം മാറ്റണം
സർക്കാരിൻ്റെ അതിഥികളായി കണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിലുള്ളവരെ തിരിച്ച് കൊണ്ടുവരണമെന്നും നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിൻ്റേത് കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ള പാക്കേജാണ്.  87 ലക്ഷം കുടുംബങ്ങളിലെ 60 ശതമാനം പേർക്ക്
സഹായം നൽകണം. സാധാരണക്കാർക്ക് 5000 രൂപ വെച്ച് സർക്കാർ നൽകണം. മത്സ്യതൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന തൃതല പഞ്ചായത്തുകൾക്ക് അടിയന്തര ഗ്രാന്‍റ് പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.