Sunny Joseph MLA| പിഎംശ്രീ പിന്‍മാറ്റം; കുറുപ്പിന്റെ ഉറപ്പുപോലെയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Friday, November 7, 2025

പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് സിപിഐക്കു നല്‍കിയ സിപിഎമ്മിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഐയെ ഒരിക്കല്‍ക്കൂടി വല്യേട്ടന്‍ പറഞ്ഞു പറ്റിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നു പ്രതിഷേധിക്കാന്‍ പോലും ത്രാണിയില്ലാതെ സിപിഐ കീഴടങ്ങി. സിപിഎമ്മിനെ അടിയറവ് പറയിച്ചെന്നും മറ്റുമുള്ള സിപിഐയുടെ അവകാശവാദത്തിന് ഒരു ദിവസത്തെ ആയുസ്സ് പോലും ലഭിച്ചില്ല. സിപിഐ മന്ത്രിമാരും നേതാക്കളും ദിവസേന സിപിഎമ്മിനോട് മാപ്പുപറഞ്ഞ് കൂട്ടക്കരച്ചില്‍ നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

എസ്എസ്‌കെയുടെ ആദ്യഗഡു നേടിയ വിദ്യാഭ്യാസമന്ത്രി അടുത്ത ഗഡു നേടാന്‍ ഡല്‍ഹിക്ക് ചര്‍ച്ചയ്ക്ക് പോകുകയാണ്. ബിജെപിയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണിത്. ഇക്കാര്യത്തില്‍ സിപി ഐ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.