നേതാക്കളുടെ പരസ്യ പ്രസ്താവന അച്ചടക്ക ലംഘനമെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Saturday, October 26, 2019

തിരുവനന്തപുരം: പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെ അച്ചടക്ക ലംഘനമായി കാണുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വി ഈ മാസം 30 തിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യും.ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിക്കും. പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് യോഗം വിശകലനം ചെയ്യും. അഭിപ്രായങ്ങൾ പാർട്ടി വേദിയിൽ ഉന്നയിക്കാം ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ച ആവശ്യമില്ല. പാര്‍ട്ടിയെ ഒരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ല. ഇതു സംബന്ധിച്ച് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയാല്‍ അത് ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണും. എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.