തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ചേരും. ഓഗസ്റ്റ് 25 ന് രാത്രി 7 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുന്നത്. നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്യും.
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് 25 ന് കെ.പി.സി.സി ആസ്ഥാനത്ത് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഉപവാസ സമരത്തിന് ശേഷമായിരിക്കും യോഗം ചേരുക. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാം തകര്‍ത്തുവെന്നും ജനം ദുരിതത്തിലും ദുഃഖത്തിലുമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ ഇടപാടിലും കോടികളുടെ അഴിമതിയാണ്. നികുതിദായകന്‍റെ പണം കട്ടുമുടിച്ച ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് സംസ്ഥാനത്തിന്‍റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.