‘പഞ്ചായത്ത് രാജ് സംവിധാനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി ദുര്‍വിനിയോഗം ചെയ്യുന്നു’; കെപിസിസി ആസ്ഥാനത്ത് രാജീവ് ഗാന്ധി ഗ്രാമ സ്വരാജ് വികസന ശില്പശാല സംഘടിപ്പിച്ചു

Jaihind News Bureau
Wednesday, May 21, 2025

പഞ്ചായത്ത് രാജ് സംവിധാനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി ദുര്‍വിനിയോഗം ചെയ്യുന്നതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. അധികാര വികേന്ദ്രീകരണം താഴെ തട്ടിലെത്തിക്കുവാന്‍ പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ക്ക് അടിത്തറയിട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദീപ്തമായ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കെപിസിസി അസ്ഥാനത്ത് രാജീവ് ഗാന്ധി ഗ്രാമ സ്വരാജ് വികസന ശില്പശാല സംഘടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും യുഡിഎഫും സജ്ജമാകുന്നതിനിടയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കെപിസിസി ആസ്ഥാനത്ത് രാജീവ് ഗാന്ധി ഗ്രാമ സ്വരാജ് വികസന ശില്പശാല സംഘടിപ്പിച്ചത്. അധികാര വികേന്ദ്രീകരണം താഴെ തട്ടിലെത്തിക്കുവാന്‍ പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ക്ക് അടിത്തറയിട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണ ഭാഗമായി സംഘടിപ്പിച്ച ശില്പശാല എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് രാജ് സംവിധാനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി ദുര്‍വിനിയോഗം ചെയ്യുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന രീതിയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏകപക്ഷീയമായി സര്‍ക്കാര്‍ പുനര്‍വിഭജനം നടത്തുന്നതായദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സിപിഎമ്മും സര്‍ക്കാരും നടത്തുന്ന അശാസ്ത്രീയമായ വാര്‍ഡ് വിഭജന ഇതിനെതിരെ നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കണമെന്ന് ഡഉഎ കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് രാജിവ് ഗാന്ധി നടത്തിയ സേവനങ്ങളെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയും ചുണ്ടിക്കാട്ടി. ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ക്രിയാത്മകമായ ചര്‍ച്ചകളാണ് വികസന ശില്പശാലയില്‍ നടന്നത്.