കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ഭാരവാഹികള്‍ ഇന്ന് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി കെപിസിസി ഭാരവാഹികള്‍ ഡല്‍ഹിയിലെത്തി. വൈകുന്നേരം നാലുമണിക്കാണ് കൂടിക്കാഴ്ച. അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് പുതിയ കെപിസിസി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തുന്നത്.
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുകളെ നേരിടുന്നതിനുമുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര നേതൃത്വം കെ പി സി സി ഭാരവാഹികള്‍ക്ക് നല്‍കും. പാര്‍ട്ടിയുടെ പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ചർച്ചയുണ്ടാകും.