ലീഡര്‍ കെ കരുണാകരന്റെ തൃശൂരിലെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് നിയുക്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. നാളെ കെപിസിസി ഭാരവാഹികളായി ചുമതലയേല്‍ക്കുന്ന എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
ലീഡറുടെ സമൃതി മണ്ഡപത്തില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്റെ ഓര്‍മകള്‍ ഊര്‍ജ്ജം പകരുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലുമായി നിന്ന വന്‍മരങ്ങളാണ് ലീഡര്‍ ശ്രീ.കെ.കരുണാകരനും, പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാറും അവരുടെ അഭാവം സംഘടനക്ക് ഉണ്ടാക്കിയ നഷ്ടം ആരാലും നികത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ വീറോടും വാശിയോടും നയിച്ച കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനനങ്ങള്‍ക്കുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കും മുന്‍പ് അവര്‍ ഉറങ്ങുന്ന മണ്ണില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കുമെന്ന് ഞങ്ങള്‍ കൂട്ടായി എടുത്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
‘കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന കാലഘട്ടങ്ങളില്‍ ഏറെ ആരാധനയോടെയും ബഹുമാനത്തോടെയും നോക്കി കണ്ടിരുന്ന പ്രിയപ്പെട്ട ലീഡറുടെ സ്മൃതി മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ കെപിസിസിയുടെ നിയുക്ത പ്രസിഡന്റ് എന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം എത്ര വലുതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. കെപിസിസിയുടെ നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ശ്രീ പി സി വിഷ്ണുനാഥ്, ശ്രീ എ പി അനില്‍കുമാര്‍, ശ്രീ ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ എന്നിവരോടൊപ്പം പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.’ എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
കോട്ടയം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബ കല്ലറയിലും നേതാക്കളെത്തും. കെപിസിസി പ്രസിഡന്റായി സണ്ണിജോസഫ് നാളെ രാവിലെ 9.30ന് ചുമതലയേല്‍ക്കും.കെ സുധാകരന്‍ ചുമതല കൈമാറും.യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും എംഎം ഹസനില്‍ നിന്ന് സ്ഥാനമേറ്റെടുക്കും.