
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ സുപ്രധാന കര്‍മ്മപദ്ധതിയായ ‘മിഷന്‍ 2026’-ന് വയനാട്ടില്‍ തുടക്കമാകും. ജനുവരി 4, 5 തീയതികളില്‍ വയനാട്ടില്‍ വച്ച് പരിപാടി സംഘടിപ്പിക്കാന്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് വയനാട്ടില്‍ ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ നേതാക്കളും സംഘടനാ ഭാരവാഹികളും ഈ ദ്വിദിന സംഗമത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള പ്രധാന ചര്‍ച്ചകള്‍ ഇവിടെ നടക്കും.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് പ്രതിഷേധം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 28-ന് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ കമ്മിറ്റി തീരുമാനിച്ചു. എഐസിസിയുടെ ആഹ്വാനപ്രകാരമാണ് ഡിസംബര്‍ 28-ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധം നടക്കുക.
പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും വേതനം വൈകുന്നതിനുമെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന മാസങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് കെപിസിസിയുടെ നീക്കം.