ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ഉൾപ്പടെ വോട്ടർമാർക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മീഡിയ സെൽ പ്രവർത്തകർ. അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചതോടെ ബുത്ത് തലം മുതൽ ഡിജിറ്റൽ മീഡിയ പ്രവർത്തനം സജീവമാക്കിയതായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണി വ്യക്തമാക്കി.
സംസ്ഥാനത്ത് നടക്കാൻ പോകുന്ന അഞ്ചു നിയമസഭ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് വാട്ട്സാപ്പ്, ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സൈബർ ഇടങ്ങളിലൂടെ പ്രചാരണം മുന്നണികൾ ശക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യങ്ങൾ വഴി പ്രചാരണം നടത്തുന്നതിനായി എല്ലാ മുന്നണികളും പ്രത്യേകസംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും മികച്ച പ്രവർത്തനമാണ് കെ പി സി സിയുടെ ഡിജിറ്റൽ മീഡിയ സെൽ കാഴ്ചവെച്ചത്. വരാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനം ശക്തമാക്കുമെന്നു മീഡിയ സെൽ കൺവീനർ അനിൽ ആന്റണി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളുടെയും ഡിജിറ്റൽ മീഡിയ സെല്ലിന്റെ മേൽനോട്ടം വഹിക്കുന്നതും അനിൽ തന്നെയാണ്. യുഡിഎഫിന്റെ വികസന പ്രവർത്തങ്ങൾ കൂടുതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തകർ.