
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെപിസിസി സംഘടിപ്പിക്കുന്ന കൂറ്റന്‍ ജനപ്രതിനിധി സംഗമം ‘മഹാ പഞ്ചായത്ത്’ ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 12.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ആദ്യം തൃക്കാക്കരയിലെ ഡോ. എം. ലീലാവതിയുടെ വസതി സന്ദര്‍ശിക്കും. കെപിസിസിക്ക് കീഴിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ‘പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം’ എം. ലീലാവതിക്ക് അദ്ദേഹം സമ്മാനിക്കും. ഇതിന് ശേഷമായിരിക്കും മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹാ പഞ്ചായത്ത് വേദിയിലേക്ക് അദ്ദേഹം എത്തുക.
മഹാ പഞ്ചായത്തും ലക്ഷ്യങ്ങളും:
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികളെ ആദരിക്കുന്നതിനായി കെപിസിസി സംഘടിപ്പിക്കുന്ന ‘മഹാ പഞ്ചായത്ത്’ വിജയോത്സവം ഇന്ന് ഉച്ചയ്ക്ക് 2.30-ന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിന് ഈ വേദിയോടെ തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച 7,848 പ്രതിനിധികള്‍ ഉള്‍പ്പെടെ 15,000-ത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ സംഗമത്തില്‍ പങ്കെടുക്കും.
നേതൃനിരയുടെ സാന്നിധ്യം:
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, സച്ചിന് പൈലറ്റ്, കനയ്യ കുമാര്‍, സിഡബ്ല്യുസി അംഗം രമേശ് ചെന്നിത്തല, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വേദിയില്‍ അണിനിരക്കും.
യാത്രാ-പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍:
സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ കണ്ടെയ്നര്‍ റോഡ് വഴി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ട്, വല്ലാര്‍പാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും, ഇടുക്കി, കോട്ടയം ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കലൂര്‍ സ്റ്റേഡിയം പരിസരത്തും പാര്‍ക്ക് ചെയ്യണം. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡ്, ബി.ഒ.ടി പാലം പരിസരം എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.