തിരുവനന്തപുരം : കോണ്‍ഗ്രസിനെ താഴേത്തട്ടുമുതല്‍ ശക്തീകരിക്കാന്‍ നടപടികളുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. ജംബോ കമ്മിറ്റികൾ പൊളിച്ചെഴുതാനും 51 അംഗ കമ്മിറ്റിയിലേക്ക് പാർട്ടിയെ തിരിച്ചുകൊണ്ടുപോകാനും ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ ഐക്യകണ്ഠ്യേന തീരുമാനമായതായി കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. കര്‍മശേഷിയായിക്കും തെരഞ്ഞെടുപ്പിന്‍റെ ഏക മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി, ജില്ലാ കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, വാർഡ് – ബൂത്ത് കമ്മിറ്റി, അയക്കൽക്കൂട്ടം അല്ലെങ്കിൽ മൈക്രോ ലെവൽ കമ്മിറ്റി എന്ന തരത്തിലാവും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഇനിയുള്ള ഘടന. കെപിസിസി പ്രസിഡന്‍റ്, മൂന്ന് വർക്കിംഗ് പ്രസിഡന്‍റുമാർ, മൂന്ന് വൈസ് പ്രസിഡന്‍റുമാർ, 15 ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ഒരു ട്രഷറർ എന്ന രീതിയിലായിരിക്കും പുനഃസംഘടന. വനിതകള്‍ക്കും എസ്.സി-എസ്.ടി വിഭാഗത്തിനും 10 ശതമാനം വീതം സംവരണം ഉറപ്പാക്കും. പാര്‍ട്ടിയുടെ താഴേത്തട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അയല്‍ക്കൂട്ട കമ്മിറ്റികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്‍റെ ഏറ്റവും താഴേത്തട്ടിലുള്ള ഘടകമായി 30–50 വീടുകളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ നിലവില്‍ വരിക. സ്ഥിരം കെപിസിസി മീഡിയ സെൽ രൂപീകരിക്കും. ചാനൽ ചർച്ചകൾക്ക് ആരൊക്കെ എന്നത് മീഡിയ സെൽ തീരുമാനിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി പഠിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ അഞ്ച് മേഖലാ കമ്മിറ്റികൾക്കു രൂപം നൽകും. അച്ചടക്കലംഘനം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല. അച്ചടക്കരാഹിത്യത്തിന് അറുതിവരുത്താൻ ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങൾക്കു വിധേയരായ നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകും. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാന്‍ കെപിസിസി പൊളിറ്റിക്കല്‍ സ്കൂൾ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/JaihindNewsChannel/videos/484858822591726/