സ്വര്‍ണക്കടത്ത് കേസ് : പ്രധാന പ്രതിയുമായി അടുത്ത ബന്ധമുള്ള ഡിജിപിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തണം: ജയ്‌സണ്‍ ജോസഫ്

Jaihind News Bureau
Monday, July 13, 2020

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കണ്ണിയായ സ്വപ്‌ന സുരേഷിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി അടുത്ത ബന്ധമുണ്ടെന്നു വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ തെളിവുകളായി പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ജോസഫ് ആവശ്യപ്പെട്ടു.

2009ല്‍ എന്‍.ഐ.എ. രൂപീകരണ ഘട്ടത്തില്‍ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ബെഹ്‌റ, വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയില്‍നിന്നും പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ കേരളത്തിലെ പ്രവര്‍ത്തനം സ്ഥാനത്തിന് ചേരാത്തതും അധോലോക സംംഘങ്ങളെ സഹായിക്കുന്നതുമാണ്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനായ ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥനെ തെളിവുകള്‍ നശിപ്പിച്ച് രക്ഷപെടുത്തിയ സംഭവം ഉള്‍പ്പെടെയുള്ളവ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വെറും ദാസ്യപ്പണി ചെയ്യുന്ന ആളാണ് ഇദ്ദേഹം എന്നതിന്‍റെ ഉദാഹരണമാണ്.

ഗുജറാത്ത് ഇസ്രത്ത് ജഹാന്‍ കേസില്‍ എന്‍.ഐ.എ. അന്വേഷണ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ നരേന്ദ്ര മോദിയെ സഹായിച്ച വ്യക്തി എന്ന പരിഗണനയില്‍ ആ ബന്ധം മുതലാക്കാനാണ് പിണറായി വിജയന്‍ ഡി.ജി.പി. സ്ഥാനത്തേക്ക് ബെഹ്‌റയെ നിയമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നുവെന്ന് ജയ്‌സണ്‍ ജോസഫ് ചൂണ്ടിക്കാട്ടി.