കെപിസിസി കൊവിഡ് കണ്‍ട്രോള്‍ റൂമിന് ജനസ്വീകാര്യത വര്‍ധിക്കുന്നു. കൊവിഡ് സംബന്ധമായ സംശയങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ഫോണ്‍ കോളുകളാണ് കെപിസിസി കണ്‍ട്രോള്‍ റൂമില്‍ പ്രതിദിനം എത്തുന്നത്. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി എഐസിസി നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം കെപിസിസി ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്ലാ ദിവസവും കൊവിഡ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും കണ്‍ട്രോള്‍ റൂമിന് ലഭിക്കുന്നുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതു മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും സഹായങ്ങള്‍ നല്‍കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളെ ഇതിനായി പരമാവധി ഉപയോഗപ്പെടുത്തുന്നു. കൊവിഡുമായ ഏറ്റവും പുതിയ ശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നു. കണ്‍ട്രോള്‍ റൂമിന്‍റ് പ്രവര്‍ത്തനത്തിന്‍റ് ഭാഗമായി ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ആരോഗ്യ വിദഗ്ദ്ധരുടെ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പൊതുജനങ്ങളുടെ കൊവിഡ് സംബന്ധമായ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കുന്നു.
കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.കോവിഡ് വാക്‌സിന്‍ സെന്റുകള്‍,സിഎഫ്എല്‍റ്റിസി, കൊവിഡ് ആശുപത്രികള്‍ തുടങ്ങിയവയുടെ ലഭ്യതയെ കുറിച്ചും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാന്‍ കഴിയുന്ന കൃത്യമായ മറുപടിയും കണ്‍ട്രോള്‍ റൂമില്‍ വിളിക്കുന്ന ഓരോരുത്തര്‍ക്കും ലഭ്യമാക്കുന്നു. മെഡിക്കല്‍ സംബന്ധമായ സംശയനിവാരണത്തിനായി വിദഗ്ദ്ധ ഡോകര്‍മാരുടെ പാനല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോ.എസ്എസ് ലാലിന്‍റ് നേതൃത്വത്തില്‍ ഒരു കൂട്ടം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കെപിസിസി കണ്‍ട്രോള്‍ റൂമിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ.ശൂരനാട് രാജശേഖരന്‍, കെപിസിസി സെക്രട്ടറി ജോണ്‍ വിനേഷ്യസ് എന്നിവര്‍ക്കാണ് കണ്‍ട്രോള്‍ റൂമിന്‍റ് ഏകോപന ചുമതല. എല്ലാ ഡിസിസി ഓഫീസുകളിലും കണ്‍ട്രോള്‍ റൂം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം ഏകോപിക്കുന്നത് കെപിസിസി കണ്‍ട്രോള്‍ റൂമാണ്. 24 മണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ബന്ധപ്പെടാനായി 7907163709, 7306283676 എന്ന മൊബൈല്‍ നമ്പറും 8075800733 എന്ന വാട്‌സാപ്പ് നമ്പറുമുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ ഭാഗമായി സംസ്ഥാനത്ത് വളന്‍റിയേഴ്‌സിന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.