കെപിസിസി ജില്ലാതല ക്യാമ്പ് എക്സിക്യൂട്ടീവിന് ഇന്ന് തുടക്കം; വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Friday, July 26, 2024

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കർമ്മപദ്ധതി ഉൾപ്പെടെ വയനാട്ടിലെ
കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിലെ തീരുമാനങ്ങൾ ജില്ലാതലങ്ങളിൽ ചർച്ച ചെയ്ത് പ്രവർത്തികമാക്കുന്നതിനുള്ള
ജില്ലാതല ക്യാമ്പ് എക്സിക്യൂട്ടീവിന് ഇന്ന് തുടക്കമാകും. പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മിഷൻ 2025-ലൂടെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണം പിടിക്കുന്നതിനുള്ള കർമ്മപദ്ധതിയാണ് കെപിസിസി വിഭാവനം ചെയ്തിരിക്കുന്നത്.

രാവിലെ തിരുവനന്തപുരം ഡിസിസി ഓഫീസിൽ ചേരുന്ന ക്യാമ്പ് എക്സിക്യൂട്ടീവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ, പോഷകസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയാണ് രണ്ട് ദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരിയിൽ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. അതിനാവശ്യമായ കര്‍മ്മപദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി വയനാട്ടില്‍ നടന്ന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു രൂപം നല്‍കി. ഇത് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനായാണ് ജില്ലാതല ക്യാമ്പ് എക്സിക്യൂട്ടീവ് ആരംഭിക്കുന്നത്.