ഗാന്ധിയന്‍ കെ.പി.എ റഹീം കുഴഞ്ഞുവീണ് മരിച്ചു; കുഴഞ്ഞുവീണത് ഗാന്ധി അനുസ്മരണ പ്രസംഗവേദിയില്‍

Jaihind Webdesk
Sunday, January 13, 2019

കണ്ണൂര്‍: ഗാന്ധിജിയെ കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ്ഫൗണ്ടേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം കുഴഞ്ഞ് വീണ് മരിച്ചു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ ഏണ്‍പത്തിയഞ്ചാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. ഗാന്ധിയനായ അദ്ധേഹം ഗാന്ധിയന്‍ സന്ദേശങ്ങള്‍ യുവതലമുറയില്‍ എത്തിക്കാന്‍ സ്വന്തം ജീവിതം നീക്കി വെക്കുകയായിരുന്നു.
മാഹി പുത്തലം ക്ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതിയാത്ര സമാപനചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് കെ പി എ റഹീം (69) കുഴഞ്ഞുവീണത്. പരിപാടിയുടെ സംഘാടകരും സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1934 ജനുവരി 13ന് ഗാന്ധിജി പുത്തലം ക്ഷേത്രത്തിലെത്തി ഹരിജനോദ്ധാരണഫണ്ട് സമാഹരിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.
പാനൂര്‍ കെ കെ വി എച്ച്എസ്എസ് റിട്ടയേഡ് അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമാണ് കെപിഎ റഹീം. 1948 ജൂണ്‍ ഒന്നിന് പാനൂരിനടുത്ത പുത്തൂരില്‍ പൈക്കാട്ട് അബൂബക്കറിന്റെയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനായാണ് ജനനം. ഇപ്പോള്‍ പാനൂര്‍ ബൈപാസ്‌റോഡ് സ്മൃതിയിലാണ് താമസം. ഭാര്യ നഫീസ.മക്കള്‍: ജലീല്‍ , ലൈല, കബീര്‍.ഗാന്ധി യുവ മണ്ഡലം, സര്‍വ്വോദയ മണ്ഡലം എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡണ്ട് പദവി വഹിച്ചിരുന്നു.[yop_poll id=2]