തിരുവനന്തപുരത്തും വടകരയിലും ബിജെപി-സിപിഎം അവിശുദ്ധ ബന്ധം: കെ.പി.എ. മജീദ്

Jaihind Webdesk
Sunday, April 14, 2019

കൊല്ലം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ വിജയിപ്പിക്കാനും പകരം വടകരയില്‍ പി.ജയരാജനെ വിജയിപ്പിക്കാനും ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.

കൊല്ലം പ്രസ്സ് ക്ലബ്ബിന്റെ ‘ജനവിധി’ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് രാഹുല്‍ തരംഗം കേരളത്തില്‍ ആഞ്ഞടിക്കും. ഇത്തവണ മലബാറില്‍ ഒരൊറ്റ സീറ്റും സിപിഎമ്മിന് ലഭിച്ചില്ല. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബിജെപിയെപ്പോലെ സിപിഎമ്മും മത്സരിക്കുകയാണ്.
ബിജെപി പപ്പുവെന്ന് രാഹുലിനെ ആക്ഷേപിക്കുമ്പോള്‍ സിപിഎം മുഖപ്പത്രവും അതേറ്റുപറയുകയാണ്.കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെ വ്യാപകമായി സിപിഎം സംഘിയായി മുദ്രകുത്തുകയാണെന്ന് കെപിഎ മജീദ് കുറ്റപ്പെടുത്തി.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സിപിഎം പിന്തുണയോടെ വിജയിച്ച എം.എല്‍.എ.ആയിരുന്നു. അദ്ദേഹം സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ പോയി കേന്ദ്രമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി പിണറായി കണ്ണന്താനത്തെ തിരുവനന്തപുരത്ത് ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കുകയായിരുന്നു. മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്ന് പറയുന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഗിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടുമോയെന്ന് ലീഗ് നേതാവ് ചോദിച്ചു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടുക കേരളത്തിനായിരിക്കുമെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു. ജനവിധി പരിപാടിയില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ നേതാക്കളായ എ.അന്‍സറുദ്ദീന്‍, നൗഷാദ് യൂനുസ് എന്നിവര്‍ സംബന്ധിച്ചു. പ്രദീപ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.