ശബരിമല തന്ത്രിയെ തള്ളി ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസ്

ശബരിമല തന്ത്രിയെ തള്ളി വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസ്. ആചാരലംഘനത്തില്‍ പരിഹാരക്രിയകള്‍ വേണമെങ്കില്‍ അതുസംബന്ധിച്ചുള്ള യാതൊരറിയിപ്പും തന്ത്രി ബോര്‍ഡിന് നല്‍കിയിട്ടില്ലെന്ന് ശങ്കരദാസ് പറഞ്ഞു. യുവതീ പ്രവേശനത്തിനായി ശബരിമലയില്‍ ആഴ്ചയില്‍ രണ്ട് ദിവസം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് ഏത് പശ്ചാത്തലത്തിലെന്ന് അറിയില്ലെന്നും കോടതിയുടെ എന്ത് തീരുമാനവും നടപ്പിലാക്കുമെന്നും ശങ്കരദാസ് ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.

ശബരിമലയില്‍ ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് കാട്ടി ചില യുവതികള്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഇതിനായി മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതായി വാര്‍ത്തവന്നത്. എന്നാല്‍ മാധ്യമവാര്‍ത്തയിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഏത് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ കോടതിയെ അറിയിച്ചതെന്നറിയില്ലന്നും ശങ്കരദാസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

https://www.youtube.com/watch?v=TeUmcbqaVt4

ഇതുവരെ ഇക്കാര്യം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍ വന്നിട്ടില്ല. ഇക്കാര്യത്തില്‍ ബോര്‍ഡിനോട് അഭിപ്രായം തേടുമെന്നാണ് പ്രതീക്ഷ. സാവകാശ ഹര്‍ജിക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദഹംപറഞ്ഞു. അതേസമയം, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി നടത്തിയ ആചാരലംഘനത്തില്‍ പരിഹാരക്രിയകള്‍ ആവശ്യമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠര് രാജീവര് ബോര്‍ഡിന് രേഖാമൂലം യാതൊരറിയിപ്പും നല്‍കിയിട്ടില്ലെന്നും ശങ്കരദാസ് പറഞ്ഞു.

ആചാരലംഘനത്തില്‍ ദേവസ്വം ബോര്‍ഡ് കേസോ പരാതിയോ എവിടെയും നല്‍കിയിട്ടില്ല. താന്‍ ആചാരലംഘനം നടത്തിയെന്ന പരാതി കോടതി തള്ളിയതാണെന്നും ആചാരങ്ങളുടെ ഭാഗമായി തന്നെ പതിനെട്ടാംപടിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ശങ്കരദാസ് പറഞ്ഞു. ആചാരങ്ങള്‍ കൃത്യമായി പാലിക്കുന്നയാളാണ് താനെന്നും ആചാരലംഘനമുണ്ടായെങ്കില്‍ പരിഹാരം ചെയ്യാന്‍ തയാറാണെന്നും ശങ്കരദാസ് വ്യക്തമാക്കി.

Sabarimalak.p sankaradas
Comments (0)
Add Comment