കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായ അധ്യാപകൻ മാത്യുവിൻ്റെ മൃതദേഹം കണ്ടെത്തി

Thursday, August 1, 2024

 

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീമും നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടർച്ചായി 9 തവണ ഉരുൾപൊട്ടിയത്. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകൾ ഒലിച്ചു പോയിരുന്നു. ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കൽ മാത്യു. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറുകയും രണ്ട് പാലങ്ങള്‍ തകരുകയും ചെയ്തതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുൾപൊട്ടിയത്. ഇന്നലെ വൈകീട്ട് അടിച്ചി പാറയിലാണ് വീണ്ടും ഉരുൾ പൊട്ടിയത്. പ്രദേശവാസികൾ വിലങ്ങാട് മേഖലയിൽ വാട്സാപ്പിലൂടെ മുന്നറിയിപ്പ് നൽകിയതിനാൽ ആളപായം ഒഴിവായി.