ഷിഗല്ല ഭീഷണിയില്‍ കോഴിക്കോട് ; അതീവ ജാഗ്രതാ നിർദേശം

 

കോഴിക്കോട് : ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് കടന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ സജീവമാക്കി. രോ​ഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷി​ഗല്ല ബാധിച്ച്‌ മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പിൽ പ്രത്യേക മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷി​ഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തില്‍ അഞ്ച് പേര്‍ക്കായിരുന്നു രോ​ഗലക്ഷണം. പിന്നീട് കൂടുതല്‍ പേര്‍ക്ക് രോ​ഗലക്ഷണം കണ്ടെത്തുകയായിരുന്നു.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷി​ഗല്ല പടരുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Comments (0)
Add Comment