കോഴിക്കോട്: ജില്ലയില്‍ അസ്വാഭാവികമായുള്ള പനി മരണങ്ങളില്‍ നിപ സംശയം. ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മരിച്ച ഒരാളുടെ ബന്ധുവിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഉന്നതതല യോഗത്തിനു ശേഷം ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പരിശോധനക്ക് അയച്ച മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങളുടെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.