സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Monday, October 16, 2023

കോഴിക്കോട് സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. കോഴിക്കോട് വേങ്ങേരിയില്‍ വച്ചാണ് ദാരുണമായ അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറുകയായിരുന്നു. ബസുകള്‍ക്കിടയില്‍പ്പെട്ട രണ്ടുപേരും ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു. മരിച്ച ഷൈജു വിദ്യാഭ്യാസവകുപ്പില്‍ ജീവനക്കാരനാണ്. 43 വയസുണ്ട്. ബസുകള്‍ക്കിടയില്‍പെട്ട് മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. രണ്ട് ബസുകളിലുമായി 5 യാത്രക്കാര്‍ക്കും പരിക്കുണ്ട്. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കോഴിക്കോട് നേരത്തെയും പലതവണ സ്വകാര്യബസുകള്‍ തട്ടി ഇരുച്ചക്രവാഹന യാത്രക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.