വ്യാജ ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം: സിപിഎം പഞ്ചായത്തംഗത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയുടെ പെന്‍ഷന്‍ റദ്ദാക്കി; പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങള്‍

Jaihind News Bureau
Saturday, May 16, 2020

 

സിപിഎം പഞ്ചായത്തംഗം വ്യാജ ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയെടുത്തെന്ന് പരാതി നല്‍കിയ വീട്ടമ്മയുടെ പെന്‍ഷന്‍ റദ്ദാക്കി.   കോഴിക്കോട് ചേമഞ്ചേരി സ്വദേശിനിയായ  വീട്ടമ്മക്ക് പെന്‍ഷന് അര്‍ഹതയില്ലെന്നും പഞ്ചായത്തില്‍ സ്ഥിരതാമസമല്ലെന്നുമാണ് പഞ്ചായത്തിന്റെ വാദം. സിപിഎമ്മിന്‍റെ പ്രതികാര നടപടിക്കെതിരെ യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഉപരോധിച്ചു.

മുൻ  പഞ്ചായത്ത്‌ പ്രസിഡന്‍റും സിപിഎം ലോക്കൽ സെക്രട്ടറിയുമായ നേതാവിനെതിരെ വ്യാജ ഒപ്പിട്ട് പെൻഷൻ തട്ടിയെടുത്തെന്ന് പഞ്ചായത്തിൽ പരാതി നൽകിയ ചേമഞ്ചേരി കാട്ടിലപ്പീടിക ഒറവങ്കര സ്വദേശി സലീനയുടെ പെൻഷനാണ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി കൂടി റദ്ദാക്കിയ്ത. ഇതേ പഞ്ചായത്ത് ഭരണ സമിതി തന്നെയാണ് നേരത്തെ വീട്ടമ്മക്ക് പെൻഷൻ അനുവദിച്ചത്. പഞ്ചായത്തിലും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും വയോധികയ്ക്ക് അനുകൂല നടപടി ഉണ്ടായില്ല.

പരാതി നൽകിയതിന്‍റെ പേരിൽ ഇല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വിഷയത്തിൽ 8 യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് പ്രസിഡന്‍റിനെ ഉപരോധിച്ചു. വീട്ടമ്മക്ക് നീതി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.