ചെറിയ അസുഖങ്ങൾക്ക് പോലും നേരത്തെ മെഡിക്കൽ കോളേജിൽ എത്തിയിരുന്നവർ നിരവധിയായിരുന്നു. നിസാര കാരണങ്ങൾ പറഞ്ഞു എത്തിയിരുന്നവർ ഇല്ലാതായതോടെ ആശുപത്രി പരിസരം ശൂന്യമാണ്.
ചെറിയൊരു തുമ്മൽ വന്നാല്‍ പോലും ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു മരുന്നു വാങ്ങുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ നിന്ന് പോലും കൊറോണ വ്യാപന സാധ്യത ഉണ്ടെന്ന് കണ്ടതോടെ നിസാരമായ അസുഖങ്ങള്‍ മാത്രമുള്ളവര്‍ വീടുകള്‍ക്കുള്ളില്‍ തന്നെ ഒതുങ്ങുകയാണ്. കൊളസ്ട്രോള്‍, ഷുഗര്‍, ബിപി രോഗികള്‍ ഭക്ഷണകാര്യങ്ങളിലും ജീവിത ശൈലിയിലുമൊക്കെ കൃത്യമായ നിയന്ത്രണങ്ങള്‍ വരുത്തിയതോടെ റിസപ്ഷനുകളുടെയും ഫാര്‍മസി കൗണ്ടറുകളുടെയും മുന്നിലുള്ള തിരക്കോ ലാബിന് മുന്നിലെ അക്ഷമയോടെയുള്ള കാത്തിരിപ്പോ ഒന്നും എവിടെയും കാണാനില്ല. പ്രസവവുമായി ബന്ധപ്പെട്ട കേസുകളും ഡയാലിസിസ് രോഗികളും അല്ലാതെ ചെറിയ രോഗങ്ങളുള്ള ആരും തന്നെ ആശുപത്രികളെ സമീപിക്കുന്നുമില്ല.
ടോക്കണുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന സര്‍ക്കാര്‍ ആശുപത്രികളിൽ, അപകടങ്ങളൊന്നുമില്ലാത്തതിനാല് അത്യാഹിത വിഭാഗത്തിലും ആളുകളെത്തുന്നില്ല. ലോക് ഡൗണ്‍ നീട്ടിയാല്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ തന്നെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍ തുടരാനാണ് സാധ്യത.