കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊട്ടിത്തെറി: ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന്  കെ മുരളീധരന്‍

Jaihind News Bureau
Saturday, May 3, 2025

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്  രാജിവയ്ക്കണമെന്ന്  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊട്ടിത്തെറിയുടെ ഉത്തരവാദിത്തം ആരോഗ്യ മന്ത്രിക്കെന്നും മുഖ്യമന്ത്രി ഇടപെട്ട്  ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്. ഇതേ തുടര്‍ന്ന് കെട്ടിടത്തില്‍ പുക വ്യാപിച്ചു. ഇതിന് പിന്നാലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെ പുക ശ്വസിച്ച് ശ്വാസതടസം മൂലം മരണം സംഭവിച്ചെന്ന ആരോപണം ഉയര്‍ന്നു. അതേസമയം മൂന്ന് പേരുടെ മരണത്തില്‍ പോലീസ് കേസെടുത്തു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണത്തിലാണ് കേസ്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്.