കോഴിക്കോട് മെഡി. കോളേജിലെ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാതെ പോലീസ്

Jaihind Webdesk
Thursday, September 1, 2022

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ  ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിൽ എടുക്കാതെ പോലീസ്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്‍റെ നേതൃത്വത്തിൽ ആണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

ഇന്നലെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവ‍ർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെയും സംഘം മർദ്ദിച്ചു.

സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരോട് ഒ.പി ഭാഗത്തെ കവാടത്തിലൂടെയാണ് പോകേണ്ടതെന്ന് സുരക്ഷാജീവനക്കാരന്‍ ദിനേശന്‍ പറഞ്ഞു. എന്നാല്‍ യുവാവ് സുരക്ഷാജീവനക്കാരെ വകവെക്കാതെ അകത്തുകടക്കുകയും ഭാര്യയെ കടത്തിവിടാന്‍ ആവശ്യപ്പെടുകയുംചെയ്തു. ഭാര്യയും അകത്തേക്കുകയറാന്‍ ശ്രമിച്ചതോടെ ദിനേശന്‍ തടഞ്ഞു. തുടർന്ന് യുവാവ് ഫോണില്‍ ആളെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ സംഘവും യുവാവും ചേര്‍ന്ന് ദിനേശനെ കസേരയില്‍നിന്ന് വലിച്ചുതാഴെയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് സ്റ്റെപ്പില്‍നിന്ന് താഴേക്കുവീണ തന്നെ അവിടെയിട്ടും അക്രമികള്‍ ചവിട്ടിയെന്ന് ദിനേശന്‍ പറയുന്നു. നട്ടെല്ലില്‍ ഡിസ്‌കിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയാണെന്നും അടിക്കരുതെന്നും അപേക്ഷിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു. അതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു സെക്യൂരിറ്റിജീവനക്കാരായ കെ.എ. ശ്രീലേഷ്, രവീന്ദ്രപണിക്കര്‍ എന്നിവര്‍ക്കും ക്രൂരമായ മര്‍ദനമേറ്റു. ശ്രീലേഷിന് തുടയ്ക്കാണ് പരിക്കേറ്റത്.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി  ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.  സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട്  സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതി മറുഭാഗം ഉന്നയിച്ചു.  ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തു.