കോഴിക്കോട് ലൈറ്റ് മെട്രോ: സംസ്ഥാന സർക്കാർ പുതുക്കിയ പദ്ധതി നിർദ്ദേശം സമർപ്പിച്ചില്ലെന്ന് കേന്ദ്രം

Jaihind Webdesk
Thursday, December 7, 2023

 

ന്യൂഡൽഹി: ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് വിഭാവനം ചെയ്ത കോഴിക്കോടിന്‍റെ സ്വപ്ന പദ്ധതിയായ ‘കോഴിക്കോട് ലൈറ്റ് മെട്രോ’യ്ക്കായി കേരളം പുതുക്കിയ പദ്ധതി നിർദ്ദേശം സമർപ്പിച്ചില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ സഹ മന്ത്രി കൗഷൽ കിഷോർ ലോക്സഭയിൽ വ്യക്തമാക്കി. കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുടെ പുരോഗമനം സംബന്ധിച്ച് എം.കെ. രാഘവൻ എംപി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.

ലൈറ്റ് മെട്രോയ്ക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുമ്പാകെ പദ്ധതി നിർദ്ദേശം സമർപ്പിച്ചിരുന്നെങ്കിലും ഇത് 2017-ലെ മെട്രൊ നയത്തിന്‍റെ വ്യവസ്ഥകളുമായി യോജിച്ച തരത്തിലായിരുന്നില്ല. ഇക്കാരണത്താൽ കേന്ദ്ര സർക്കാർ 2017-ലെ മെട്രോ റെയിൽ നയത്തിന്‍റെ വ്യവസ്ഥകളുമായി യോജിക്കുന്ന തരത്തിൽ പദ്ധതി നിർദ്ദേശം പുതുക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പുതുക്കിയ പദ്ധതി നിർദ്ദേശം ഇതുവരെയും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുമ്പാകെ സമർപ്പിച്ചില്ലെന്നും കേന്ദ്ര മന്ത്രി എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.

തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാർ, കോഴിക്കോട് നഗരത്തിലെ വർധിക്കുന്ന തിരക്കും ഗതാഗത സംവിധാനത്തിന്‍റെ പരിഷ്കരണവും പരിഗണിച്ച് അടിയന്തരമായി കോഴിക്കോട് ലൈറ്റ് മെട്രോയുടെ പദ്ധതി നിർദ്ദേശം കേന്ദ്ര സർക്കാരിന് മുമ്പാകെ പുതുക്കി നൽകണമെന്ന് എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.