കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നുവീണു; കുടുങ്ങിയ 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി

Jaihind Webdesk
Monday, November 15, 2021

കോഴിക്കോട്: ചെറുകുളത്തൂരില്‍ വീട് തകര്‍ന്നുവീണ് ഉള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്‍റെ വീടാണ് നിർമാണത്തിലിരിക്കെ തകര്‍ന്നുവീണത്. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചെറുകുളത്തൂർ എസ് വളവിൽ പാടേരി ഇല്ലത്തിനു സമീപം നിർമാണത്തിലിരിക്കുന്ന വീടാണ് തകർന്നു വീണത്. വീടിന്‍റെ ഉൾവശത്ത് തേപ്പിന്‍റെ പണിയിൽ ഏർപ്പെട്ട 9 ഇതര സംസ്ഥാന തൊഴിലാളികൾ ഉള്ളിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആണ് ആദ്യം രക്ഷ പ്രവർത്തനം നടത്തിയത്. 7 പേരെ നാട്ടുകാർ പുറത്ത് എത്തിച്ചു. പിന്നീട് ഫയർഫോഴ്സും എത്തി രണ്ട് പേരെ കൂടി രക്ഷപ്പെടുത്തി. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ചാണ് തൊഴിലാളികളെ രക്ഷിച്ചത്.

രക്ഷപ്പെട്ട 9 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന വീടിന്‍റെ മുകൾ ഭാഗത്തെ നിർമ്മാണ പ്രവർത്തനത്തിനിടെയാണ് അപകടം ഉണ്ടായത് എന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.