കോഴിക്കോട് അത്യാധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയാക്കിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ‘ലീഡര്‍ കെ കരുണാകരന്‍ മന്ദിരം’ നാടിന് സമര്‍പ്പിക്കുകയാണ് . കോഴിക്കോട് ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നു. നാലു നിലകളിലായാണ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്
വയനാട് റോഡില്‍ 24,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയാണ് ഓഫിസ് നവീകരിച്ചിരിക്കുന്നത്. 27 മാസക്കാലം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി കെട്ടിടം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രതിമ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ജവഹര്‍ലാല്‍ നെഹ്റു പ്രതിമ അനാച്ഛാദനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിര്‍വഹിക്കും. ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കെ. കരുണാകരന്റെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും അനാച്ഛാദനം ചെയ്യും. .ഉച്ചയ്ക്ക് രണ്ടരയോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും സാന്നിധ്യത്തില്‍ പുതിയ ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയത്തില്‍ ഡിസിസി ജനറല്‍ ബോഡി യോഗവും ചേരും.