കോഴിക്കോട് രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടു;ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു

Jaihind News Bureau
Sunday, May 25, 2025

കോഴിക്കോട് : കോഴിക്കോട് രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. ആദ്യ മെത്രാപ്പൊലീത്തയായി ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലും സ്ഥാനമേറ്റു. വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം ലഭിച്ചതിനുപിന്നാലെയാണ് ചടങ്ങ് നടന്നത്. കണ്ണൂര്‍ റോഡില്‍ സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ചടങ്ങ് നടന്നത്. 102 വര്‍ഷം പാരമ്പര്യമുളള രൂപതയാണിത്. മലബാറിലെ ക്രൈസ്തവ സഭയുടെ മാതൃരൂപതയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് അതിരൂപതയായുള്ള ഉയര്‍ത്തല്‍. തിരുവനന്തപുരം വരാപ്പുഴ, എന്നിവയ്ക്കു ശേഷം സംസ്ഥാനത്ത് ലത്തീന്‍ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്.

ഇന്ത്യയിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ റവ.ഡോ.ലിയോപോള്‍ഡോ ജിറല്ലി ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിച്ചു.കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മലയാളത്തില്‍ വചന പ്രഘോഷണം നടത്തി. ദിവ്യബലിക്കും വചനപ്രഘോഷണത്തിനും പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ ഏപ്രില്‍ 12 നു പുറപ്പെടുവിച്ച ഡിക്രി റവ.ഡോ.ലിയോപോള്‍ഡോ ജിറല്ലി വായിച്ചു. ദിവ്യബലിയുടെ ആമുഖഭാഗത്തിനു ശേഷം ഡോ.വര്‍ഗീസ് ചക്കാലക്കലിനെ സ്ഥാനാരോഹണ ചടങ്ങിനായി പീഠത്തിലേക്ക് നയിക്കുകയായിരുന്നു.

വൈകിട്ട് 2.30 നാണ് സ്വീകരണച്ചടങ്ങുകള്‍ ആരംഭിച്ചത്. മലാപ്പറമ്പിലെ ബിഷപ്‌സ് ഹൗസില്‍ നിന്ന് ഡോ.വര്‍ഗീസ് ചക്കാലക്കലിനെ ആഘോഷപൂര്‍വം സെന്റ് ജോസഫ്‌സ് പള്ളിയിലേക്ക് ആനയിച്ചശേഷമായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. ആയിരങ്ങള്‍ സാക്ഷ്യം വഹിച്ച ചടങ്ങില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷരും എത്തി.