കോഴിക്കോട് ബൈപ്പാസ് പ്രവർത്തികൾ അതിവേഗം; ഭാവി സംസ്ഥാന സർക്കാരിന്‍റെ  കൈകളില്‍; നിതിന്‍ ഗഡ്കരി

Jaihind Webdesk
Thursday, December 8, 2022

ന്യൂഡൽഹി: ബേപ്പൂർ- മലാപ്പറമ്പ് നാലുവരിപ്പാതയുടെ ഭാവി സംസ്ഥാന സർക്കാരിന്‍റെ  കൈകളിലെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

കോഴിക്കോട് പാർലമെന്‍റ്  മണ്ഡലത്തിലെ നിലവിൽ പരിഗണനയിലുള്ളതും, പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതുമായ ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതികളുടെ പുരോഗമനം സംബന്ധിച്ച് എം.കെ രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2017 ജൂലൈയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ബേപ്പൂര്‍ തുറമുഖം- മലാപ്പറമ്പ് നാലുവരിപ്പാത ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉൾപ്പെടുത്തി യാഥാർഥ്യമാക്കാൻ തയ്യാറായത്.

ഇതിന് പുറമെ, എൻ.എച്ച് 66 കോഴിക്കോട് ബൈപാസ് ആറുവരിപ്പാത പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ 23.40 ശതമാനം പൂർത്തിയായതായും മന്ത്രി മറുപടി നൽകി. ബൈപ്പാസിന് ഇരുവശവുമുള്ള പദ്ധതികളെ അപേക്ഷിച്ച് താരതമ്യേന വേഗത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. അഴിയൂർ വെങ്ങളം സെക്ഷനിലെ ആറുവരിപ്പാത നിർമ്മാണം 11 .81 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളതെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.