കൊവിഡ് ചികിത്സയില്‍ ഗുജറാത്തില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകള്‍. രാജ്യത്ത് കൊവിഡ് സംഹാരതാണ്ഡവമാടുമ്പോള്‍ 5000 പശുക്കളുള്ള ഗോശാലയിൽ 40 ബെഡുകളുള്ള കൊവിഡ് ആശുപത്രി സജ്ജമാക്കിയിരിക്കുകയാണ് അധികൃതർ. ചാണകത്തിനും പശുമൂത്രത്തിനും പുറമെ മന്ത്രങ്ങളും ഉപയോഗിച്ചാണ് ഇവിടെ ‘ചികിത്സ’ നടത്തുന്നത്.
ഗുജറാത്തിലെ അതിർത്തി ഗ്രാമമായ ദീശ താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ് ഗോശാല ആശുപത്രി. അലോപ്പതി മരുന്നുകൾക്ക് പകരം പശുവിന്‍ പാലിൽനിന്ന് ഉൽപ്പാദിപ്പിച്ച നെയ്യും മറ്റു വസ്തുക്കളുമാണ് രോഗികൾക്ക് ഇവിടെ നല്‍കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുർവേദ് കൊവിഡ് ഐസൊലേഷൻ സെന്‍ററെന്നാണ് ‘ആശുപത്രിയുടെ’ പേര്. 40 ബെഡുകൾക്ക് ചുറ്റും പുല്ല് നട്ടുവളർത്തിയിട്ടുണ്ട്. പശുക്കൾക്ക് തീറ്റയായി വളർത്തിയിരിക്കുന്നതാണ് പുല്ലുകൾ. കൂടാതെ സ്ഥലത്ത് തണുപ്പ് നിൽക്കാനും ഇവ സഹായിക്കുമെന്നാണ് വാദം. ഹാളിൽ ഫാനും എയർകൂളറും സ്ഥാപിച്ചിട്ടുണ്ടെന്നും നാഷനൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
പശുവിന്‍റെ പാലിൽനിന്നും മൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും നിർമിക്കുന്ന പഞ്ചഗവ്യ കിറ്റ് രോഗികൾക്ക് നൽകും. അടിയന്തര സാഹചര്യം നേരിടാനായി ഓക്സിജൻ സിലിണ്ടറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചഗവ്യ ആയുർവേദ ചികിത്സയിൽ പശു മൂത്രത്തിൽനിന്ന് നിർമിക്കുന്ന നീരാവി ശ്വസിക്കാൻ നൽകും. കൂടാതെ ചാണക വരളികൊണ്ട് രോഗികളെ മൂടുകയും ചെയ്യും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമാണ് ഭക്ഷണം.