വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം: ഇന്ത്യയിലും ജാഗ്രത; ഇന്ന് ഉന്നതതല യോഗം

Jaihind Webdesk
Wednesday, December 21, 2022

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശം. അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് ഡല്‍ഹിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്‍റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കൊവിഡ് വ്യാപനം തുടരുകയും യുഎസിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ കേന്ദ്രം നിർദേശം നല്‍കി. പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വൻസിംഗ് വർധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം എല്ലാ സം‌സ്ഥാനങ്ങൾക്കും കത്തെഴുതി.

‘‘യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ പൊടുന്നനെ കൊവിഡ് കേസുകളിൽ വർധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്–കോവ് 2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്ത് പുതിയ വകഭേദങ്ങൾ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ ഉതകും’’ – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിൽ പറയുന്നു.

ഇൻസാകോഗ് എന്നത് ഇന്ത്യയിലെ 50ൽ അധികം ലബോറട്ടറികളുടെ ഒരു ശൃംഖലയാണ്. കൊവിഡ് കേസുകളിൽ ജനിതക വ്യതിയാനം നിരീക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. പുതിയ വൈറസ് വകഭേദത്തിന്‍റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ‍ ഇൻ‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

അതേസമയം ഇന്ത്യയിലെ കൊവിഡ് കണക്കുകളിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയത്. 1103 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വർഷം മുമ്പ് മാർച്ചിൽ ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രതിവാര കണക്ക് ആയിരത്തിലെത്തുന്നത്. ഒരാഴ്ചയ്ക്കിടെയുള്ള കൊവിഡ് മരണ നിരക്ക് പന്ത്രണ്ടായി കുറഞ്ഞു. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ചൈനയിലും ജപ്പാനിലും പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നതിനിടയിലാണ് ഇന്ത്യയിൽ കണക്കുകൾ ആശ്വാസമാകുന്നത്.