ദുബായ് : ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യാ എക്സ്പ്രസിന് ദുബായില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ്, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇരുദിശകളിലേക്കും 15 ദിവസത്തെ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
കൊവിഡ് പോസിറ്റീവായ യാത്രക്കാരെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് രണ്ടുതവണ ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കണ്ടെത്തിയത്. ഇതുസംബന്ധിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്. ഇപ്രകാരം, സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ രണ്ടുവരെ, 15 ദിവസത്തേക്കാണ് വിലക്ക്. അതേസമയം വിലക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് പുനഃക്രമീകരിച്ചു. സെപ്റ്റംബര്‍ നാലിന് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന് കോവിഡ് പോസിറ്റീവ് റിസള്‍ട്ടുമായാണ് യാത്ര ചെയ്തത്. ഈ യാത്രക്കാരന്റെ പേരും പാസ്പോര്‍ട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റീജണല്‍ മാനേജര്‍ക്ക് നോട്ടീസ് അയച്ചത്. മുമ്പ് സമാന സംഭവമുണ്ടായപ്പോള്‍ ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിലക്ക് പ്രഖ്യാപിച്ചത്.
രോഗിയുടേയും ഒപ്പം യാത്ര ചെയ്തവരുടെ ചികിത്സാ-ക്വാറന്റൈന് ചെലവുകള്‍ എയര്‍ലൈന്‍ വഹിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. രോഗിക്കൊപ്പം യാത്ര ചെയ്തവര്‍ക്കും കൊവിഡ് പോസറ്റീവായെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം ദുബായില്‍ നിന്ന് കേരളത്തിലേക്ക് അടക്കമുള്ള എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജ വിമാനത്താവളം വഴി പുനഃക്രമീകരിച്ച് വരുകയാണ്. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു.