കോവിഡ്-19 : നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കർശനമാക്കി

Jaihind News Bureau
Wednesday, March 11, 2020

കൊച്ചി : എറണാകുളം ജില്ലയിൽ 2 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി.  യൂണിവേഴ്സല്‍ സ്ക്രീനിംഗിന് പുറമേ യാത്രാ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ   23 പേര്‍ ഐസൊലേഷൻ വാർഡിലും 347 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

ഇറ്റലിയിൽ നിന്നും വന്ന കുട്ടിയുടെ മാതാപിതാക്കൾക്കും കൂടി അസുഖം സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണം മൂന്നായി. അസുഖബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 71 പേരെ കൂടി നിരീക്ഷണത്തിൽ ആക്കി.  പുതിയതായി 6  പേരെക്കൂടി  കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. അന്താരാഷ്ട്ര ടെര്‍മിനലില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗിന് പുറമേ യാത്രക്കാര്‍ അവരുടെ യാത്രാ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ഫ്ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് വിമാനത്താവളം വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്.  ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ അധികൃതര്‍ ചോദിച്ച് മനസിലാക്കിയതിന് ശേഷമാണ് പുറത്തേക്കയക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.  12 ഡോക്ടര്‍മാര്‍, 12 നേഴ്‌സുമാര്‍, 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും കൊച്ചി തുറമുഖത്തും സഹായ കേന്ദ്രങ്ങള്‍ സജ്ജമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.