കൊവിഡ്-19 : യു.എ.ഇയിൽ ആരോഗ്യ പരിശോധന ഇല്ലാതെ ഇനി താമസ വിസ പുതുക്കാം ; മെഡിക്കൽ ഫിറ്റ്നസ് വേണ്ടെന്ന് ഗവണ്‍മെന്‍റ് : ആയിരങ്ങൾക്ക് ആശ്വാസകരമാകും

ദുബായ് : യു.എ.ഇയിൽ താമസ വിസകളും ലേബർ പെർമിറ്റും ഉള്ള തൊഴിലാളികളുടെ വിസയും വീട്ടുജോലിക്കാരുടെ താമസ വിസകളും ഇനി മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ഇല്ലാതെ പുതുക്കാം. കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇതോടെ വിസ പുതുക്കുന്നതിനുള്ള രക്ത പരിശോധന അധികൃതർ വേണ്ടെന്ന് വെച്ചു. ഈ കാലഘട്ടത്തിലെ റസിഡൻസ് വിസകൾ ഇതോടെ ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടും. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഗാർഹിക സേവന തൊഴിലാളികൾക്കും മാത്രമേ ഈ നിയമം ബാധകമാകൂ എന്ന് അധികൃതർ പറഞ്ഞു.

യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ആരോഗ്യ-പ്രതിരോധ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയാണ് ഈ തീരുമാനം അറിയിച്ചത്. ഈ മുൻകരുതൽ നടപടി അനുസരിച്ച് തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് സെന്‍ററുകളിലേക്ക് പോകേണ്ട ആവശ്യം ഇല്ല. ഇതിനായുള്ള ഓൺലൈൻ പേമെന്‍റ് സംവിധാനങ്ങൾ വഴി ഫീസ് ഈടാക്കും. ഇതോടെ തൊഴിലാളികൾക്ക് നിയമപരമായി രാജ്യത്ത് തുടരാനാകും.
എല്ലാ തൊഴിലാളികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് അതോറിറ്റി ആഹ്വാനം ചെയ്തു.

Comments (0)
Add Comment