കൊവിഡ്-19: കേന്ദ്രം അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എ.കെ ആന്‍റണി; പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ തൊഴിലും നിര്‍ത്തിവച്ച് വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വിലയില്‍ കുത്തനെയുണ്ടായ ഇടിവ് മൂലം ലക്ഷണക്കണക്കിന് കോടി രൂപയുടെ പ്രതീക്ഷിക്കാത്ത വരുമാനമാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഈ വരുമാനം കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് പ്രതിരോധ വകുപ്പിന്‍റെ കീഴിലുള്ള വ്യവസായ ശാലകള്‍ക്ക് നിര്‍ദേശം നല്‍കണം. കൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവത്തനങ്ങളില്‍ മിലിട്ടറി ഹെല്‍ത്ത് സര്‍വീസിന്‍റെ സേവനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തണമെന്നും ആന്‍റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധാര്‍മിക പിന്തുണയ്ക്ക് പുറമേ പ്രോത്സാഹനമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം കൂടി നല്‍കണം. ഇതിനൊപ്പം ആശുപത്രികളില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഫണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നല്‍കണമെന്നും എ.കെ ആന്‍റണി നിര്‍ദേശിച്ചു.

Comments (0)
Add Comment