സ്വീഡിഷ് പൗരന്‍റെ മദ്യം ഒഴുക്കികളഞ്ഞ സംഭവം : ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

Jaihind Webdesk
Saturday, January 1, 2022

കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും. ഔചിത്യമില്ലാത്ത നടപടിയായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായെതെന്ന കണ്ടെത്തലിൽ ആണ് നടപടി.

ന്യൂയര്‍ ആഘോഷത്തിന് മദ്യവുമായി പോയസ്വീഡിഷ് പൗരൻ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് കേരള പൊലീസ് തടഞ്ഞത്. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീഫനോട് പറഞ്ഞു.

ഇതോടെ സ്റ്റീഫൻ തന്‍റെ കൈയിലുണ്ടായിരുന്ന മദ്യം കുപ്പി തുറന്നു പുറത്ത് കളഞ്ഞു. എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീഫന്‍ ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. ദ്രിശ്യങ്ങൾ വയറൽ ആയതോടെ ആണ് നടപടി ഉണ്ടായത് സംഭവത്തിൽ
കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും. പോലീസ് നടപടികൾ അതിരു കടക്കുന്നു എന്ന പരാതികൾ നിലനിൽക്കുന്ന സഹചാരിതിൽ ആണ് മുഖ്യമന്ത്രി നേരിട്ട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടത് . സംഭവം ദൗര്ഭാഗ്യ കരമായിപോയെന്നു ടുറിസം മന്ത്രി മുഹമ്മദ്‌ റിയാസം പ്രതികരിച്ചിരുന്നു