കോട്ടയം ഷാന്‍ വധം: പ്രതി ജോമോന്‍ സിപിഎം അനുഭാവി; തെളിവായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍

Jaihind Webdesk
Wednesday, January 19, 2022

കോട്ടയത്തെ ഷാൻ വധ കേസിലെ പ്രതി ജോമോൻ സിപിഎം അനുഭാവി. ഡൽഹിയിൽ നടന്ന സിപിഎം മാർച്ചിൽ അടക്കം ഇയാൾ പങ്കെടുത്തിട്ടുണ്ട്. ഇയാൾ മാർച്ചിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ജയഹിന്ദ് ന്യൂസിന് ലഭിച്ചു. ജില്ലാ സമ്മേളനങ്ങളുടെ മറവിൽ ഗുണ്ടകൾക്ക് സ്വതന്ത്രമായി വിലസാനുള്ള അവസരം സിപിഎം ഒരുക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തോളിൽ ചുമന്ന് കൊണ്ട് പോലീസ് സ്റ്റേഷന് മുൻപിൽ കൊണ്ടുവെക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ജോമോൻ. ഇയാളെ കാപ്പ ചുമത്തി 2021 ൽ ജില്ലാ പോലീസ് മേധാവി നാടുകടത്തിയിരുന്നു. പിന്നീട് ഇതിനെതിരെ അപ്പീൽ നൽകി ഇയാൾ ജില്ലയിൽ തിരിച്ചെത്തുകയായിരുന്നു. ഇയാൾക്ക് കാപ്പയിൽ നിന്ന് ഇളവ് ലഭിച്ചതിന് പിന്നിൽ സിപിഎം എന്ന ആരോപണം ശക്തമാണ്. അതേസമയം ജില്ലാ സമ്മേളനങ്ങളുടെ മറവിൽ ജോമോൻ അടക്കമുള്ള ഗുണ്ടകളെ ജില്ലയിൽ സ്വതന്ത്രമായി വിലസാൻ അനുവദിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ആരോപിച്ചു.

അതേസമയം ഡൽഹിയിൽ നടന്ന സിപിഎം മാർച്ചിൽ അടക്കമുള്ള മുഖ്യധാരാ പരിപാടികളിൽ ഇയാൾ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ജോമോൻ തന്നെ തന്‍റെ സാമൂഹിക മാധ്യമ പേജുകളിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്‍റെ ഗുണ്ടാ ബന്ധങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.