കോട്ടയം: ഗവണ്‍മെന്‍റ് നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പോലീസ് സംഘം. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷ്‌ണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തു. അതേസമയം, റാഗിങ്ങിന് ഇരയായ നാല് വിദ്യാർത്ഥികൾ കൂടി പൊലീസിൽ ഔദ്യോഗികമായി പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍, ഇരയാക്കപ്പെട്ട ആറ് വിദ്യാർഥകളിൽ ഒരാൾ മാത്രമാണ് ആദ്യം പരാതി നൽകിയത്.
സർക്കാർ നഴ്സിംഗ് കോളേജിലെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. കോളേജിന്‍റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇന്ന് കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയനും കോളേജിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പാൾ എം ടി സുലേഖയേയും അസിസ്റ്റന്‍റ് വാർഡൻ അജീഷ് പി മാണിയേയും സംഭവത്തെ തുടർന്ന് സസ്പെന്‍റ് ചെയ്തു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകി ഉത്തരവായിട്ടുണ്ട്. അതേസമയം കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടും ഈ കേസിൽ അന്വേഷണം മന്ദഗതിയിലാണ് പോകുന്നത് എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പോലീസ് എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് തൊട്ടു പിന്നാലെ സംഭവം നടന്ന ഹോസ്റ്റലിൽ പരിശോധന നടത്താതിരുന്നത് എന്നും തെളിവുകൾ ശേഖരിക്കാൻ വൈകിയതിലും കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. പോലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നും ആരോപണം നിലനില്‍ക്കുന്നു. അതേസമയം സംഭവത്തിൽ നടപടി വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകാൻ ആണ് പ്രതിപക്ഷമായ കോൺഗ്രസിന്‍റെയും, കെ എസ് യുവിന്‍റെയും തീരുമാനം.