കോട്ടയം ‘പ്രശ്നരഹിതം’; പ്രശ്നബാധിത ബൂത്തുകളുടെ എണ്ണത്തില്‍ കണ്ണൂര്‍ മുന്നില്‍

Jaihind News Bureau
Tuesday, December 9, 2025

 

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ, ഒരൊറ്റ പ്രശ്‌നബാധിത ബൂത്ത് പോലുമില്ലാത്ത ഏക ജില്ലയായി കോട്ടയം ശ്രദ്ധേയമായി. എന്നാല്‍, പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡിസംബര്‍ 11-ന് വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയാണ്. കണ്ണൂരില്‍ 1025 ബൂത്തുകളാണ് ഈ പട്ടികയിലുള്ളത്.

സംസ്ഥാനത്താകെ 2513 പ്രശ്‌നബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കോട്ടയം ഒഴികെയുള്ള ആറ് ജില്ലകളിലായി 458 ബൂത്തുകള്‍ ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വെബ്കാസ്റ്റിങ്ങിനായി ഐ.ടി. ക്യാമറകള്‍ ഉപയോഗിക്കുന്നു എന്ന സവിശേഷതയുണ്ട്. വോട്ട് ചെയ്യുന്നവരുടെ മുഖം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്തി ഇത് ഉടനടി കണ്‍ട്രോള്‍ സെന്ററുകളില്‍ എത്തിക്കും.

കലക്ടറേറ്റുകളിലെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിലെയും കണ്‍ട്രോള്‍ സെന്ററുകളില്‍ ക്യാമറ ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. വൈദ്യുതി തടസ്സപ്പെട്ടാലും അഞ്ച് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ബാറ്ററി ബാക്ക് അപ്പ് ഈ ക്യാമറകള്‍ക്കുണ്ട്. കെല്‍ട്രോണിനു വേണ്ടി സംസ്ഥാന, ജില്ലാ അക്ഷയ സംരംഭങ്ങള്‍ക്കാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല.

ഒന്നിലധികം വോട്ടര്‍ പട്ടികകളിലോ, ഒരു പട്ടികയില്‍ തന്നെ ഒന്നിലധികം തവണയോ പേരുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒന്നിലധികം വോട്ട് ചെയ്താല്‍, ഒരു വര്‍ഷം വരെ തടവും പിഴയുമടക്കമുള്ള കര്‍ശന നിയമനടപടികള്‍ ഉണ്ടാകും. കൂടാതെ, വോട്ട് ചെയ്യാനെത്താത്തവരുടെയും മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവരെ പൊലീസിന് കൈമാറുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.