കോട്ടയം നഗരസഭ ചെയർപേഴ്സണെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം തള്ളി

Jaihind Webdesk
Monday, February 20, 2023

കോട്ടയം: നഗരസഭ ചെയർപേഴ്സണെതിരെ എൽഡിഎഫ് സമർപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. നഗരസഭ ചെയര്‍പേഴ്‌സൺ യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ആണ് അംഗബലം തികയാത്തതിനെ തുടർന്ന് തള്ളിപ്പോയത്. അതേസമയം ചർച്ചയിൽ നിന്ന് ബിജെപി വിട്ടുനിന്നു.

രണ്ടാം തവണയാണ് കോട്ടയം നഗരസഭ ചെയർപേഴ്സൺ യുഡിഎഫ് പ്രതിനിധിയുമായ ബിൻസി സെബാസ്റ്റ്യന് എതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. എന്നാൽ രണ്ടാം തവണയും എൽഡിഎഫിന്‍റെ അവിശ്വാസപ്രമേയം തള്ളി. അവിശ്വാസത്തിനെതിരെ യുഡിഎഫ് ഇന്നലെ വിപ്പ് നൽകിയിരുന്നു. യുഡിഎഫ് അംഗങ്ങള്‍ ചർച്ചയിൽ നിന്ന് വിട്ടു നിന്നു. യോഗത്തിൽ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്നും ഇന്നത്തെ നഗരസഭയിലെ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാനുമായിരുന്നു ബിജെപിയുടെ തീരുമാനം. ഇന്ന് രാവിലെ ബിജെപി വിഷയം ചർച്ചചെയ്യാനായി പാർലമെന്‍ററി പാർട്ടി യോഗം ചേർന്നിരുന്നു.

ഒടുവിൽ അംഗബലം ഇല്ലാത്തതിനെ തുടർന്ന് അവിശ്വാസം തള്ളിപ്പോയി. 2021 നവംബർ 14 ആയിരുന്നു ആദ്യമായി എൽഡിഎഫ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അന്ന് എൽഡിഎഫിനെ ബിജെപി പിന്തുണച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അംഗബലം തെളിക്കാത്തതിനെ തുടർന്ന് വീണ്ടും ബിൻസി സെബാസ്റ്റ്യന്‍ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.

അവിശ്വാസം പിന്തുണയ്ക്കാൻ 27 പേരുടെ അംഗബലമാണ് വേണ്ടത്. മുമ്പ് 22 വീതം ബലാബലത്തിൽ യുഡിഎഫും  എൽഡിഎഫും, എട്ട് സീറ്റുകളുമായി ബിജെപിയുമാണ് കോട്ടയം നഗരസഭയുടെ 52 അംഗ കൗൺസിലിനെ പ്രതിനിധീകരിച്ചിരുന്നത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിന്‍റെ മുൻതൂക്കം നിലവിൽ എൽഡിഎഫിന് ഉണ്ട്. ഈ സാഹചര്യം മുതലെടുത്ത് യുഡിഎഫിനെതിരെ അവിശ്വാസപ്രമേയവുമായി എത്തിയ എൽഡിഎഫിനെ പിന്തുണയ്ക്കാൻ ബിജെപി തയാറായില്ല. അതേസമയം യുഡിഎഫിനെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം രണ്ടാം തവണയും തള്ളിയതോടെ എൽഡിഎഫ് കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തു.