കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ ദുരന്തത്തില്‍ ഉണ്ടായ കൃത്യവിലോപത്തില്‍ ഉരുണ്ടുകളി തുടരുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍. കൃത്യമായ മറുപടി നല്‍കാനോ, കാര്യങ്ങള്‍ വിശദീകരിക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. ഇതിനിടെ മന്ത്രിമാര്‍ നുണ പറഞ്ഞത് ആശുപത്രിയുടെ വീഴ്ച മറയ്ക്കാനെന്ന ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞതോടെ വെട്ടിലാവുകയാണ് സര്‍ക്കാരും മന്ത്രിമാരും.
അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഞങ്ങള്‍ ആശുപത്രിയിലെത്തി എന്നതായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും, വി എന്‍ വാസവന്റെയും വീരവാദം. എന്നാല്‍ കൃത്യമായ ഏകോപനമില്ലായ്മയും, നിസംഗതയുമാണ് ബിന്ദുവിന്റെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുകയും ചെയ്തു. ഇതിനൊന്നും മറുപടി പറയാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നും ഉരുണ്ടുകളി തുടരുകയാണ് മന്ത്രി വി എന്‍ വാസവന്‍
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് മന്ത്രിമാര്‍ക്കെതിരെ രംഗത്തെത്തിയതോടെ തീര്‍ത്തും പ്രതിരോധത്തിലായി സര്‍ക്കാര്‍. മന്ത്രിമാര്‍ നുണ പറഞ്ഞത് ആശുപത്രിയുടെ വീഴ്ച മറയ്ക്കാനെന്നാണ് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന മന്ത്രിമാരായ വീണ ജോര്‍ജോ വിഎന്‍ വാസവനോ ഇവരെ ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ സമയം കണ്ടെത്തിയില്ല. പേരിന് ഒരു സന്ദര്‍ശനം എന്ന പേരില്‍ മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴും ഇവര്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ഇത്രയും സമയമായിട്ടും ഫോണില്‍ പോലും ആശ്വസിപ്പിക്കാന്‍ ഭരാണാധികാരികള്‍ തയാറായിട്ടില്ല. പകരം ന്യായീകരണങ്ങള്‍ നിരത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമം. ഒപ്പം കേരളത്തിലെ ആരോഗ്യ രംഗത്തിന് വലിയ നേട്ടം ഉണ്ടാക്കി എന്ന് മേനി പറയാനും സമയം കണ്ടെത്തുകയാണ്.