VEENA GEORGE| കോട്ടയം മെഡിക്കൽ കോളേജ് ബിന്ദുവിന്റെ മരണം: ആരോഗ്യമന്ത്രിയെ ആശ പ്രവർത്തകർ കുറ്റവിചാരണ നടത്തി കോലം കത്തിച്ചു

Jaihind News Bureau
Friday, July 4, 2025

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരണപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആശ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ ആരോഗ്യ മന്ത്രിയെ കുറ്റ വിചാരണ നടത്തി. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു.

തകർന്ന് വീണ മെഡിക്കൽ കോളേജ് കെട്ടിടത്തിനകത്ത് ആരും അകപ്പെട്ടിട്ടില്ലാ എന്ന് മാധ്യമങ്ങളോട് നുണ പറഞ്ഞത് ആരോഗ്യ മന്ത്രിയാണ്.രക്ഷാപ്രവർത്തനം തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി. ബിന്ദുവിനെ രക്ഷപ്പെടുത്താൻ സാധിക്കാതെ പോയത് മന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പ്രസ്താവന മൂലമാണ്.

 

ആരോഗ്യ മേഖലയുടെ ആകമാന തകർച്ചയ്ക്ക് ഉത്തരവാദി സർക്കാരും മന്ത്രി വീണ ജോർജുമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് മിനി പറഞ്ഞു. ആശമാർ പ്രതീകാത്മകമായി ആരോഗ്യ മന്ത്രിയെ കുറ്റവിചാരണ ചെയ്തു. മന്ത്രിയുടെ പൊള്ളത്തരം തുറന്നു കാട്ടി. കുറ്റങ്ങൾ തെളിയിക്കുന്ന വിചാരണ യ്ക്ക് ശേഷം
ശിക്ഷയെന്നോണം ആരോഗ്യമന്ത്രിയുടെ കോലം കത്തികുകയായിരുന്നു. കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി റോസമ്മ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ബി രാജി , ബീന പീറ്റർ, എസ് ശാലിനി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് വി രജനി, എസ് പത്മജം , വി മണികുമാരി, എസ് ശ്രീലത
എന്നിവർ നേതൃത്വം നൽകി