കോട്ടത്തറ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്: യുഡിഎഫ് സംഘം അട്ടപ്പാടിയില്‍

Jaihind Webdesk
Monday, December 6, 2021

പാലക്കാട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം അട്ടപ്പാടിയില്‍.  ശിശുമരണങ്ങളുണ്ടായ ഊരുകള്‍ സന്ദർശിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായാണ് പ്രതിപക്ഷ നേതാവും സംഘവും എത്തിയത്.

അട്ടപ്പാടിയോടുള്ള സർക്കാർ അവഗണന തുറന്നുകാട്ടുന്നതുകൂടിയായി പ്രതിപക്ഷനേതാവിന്‍റെ സന്ദര്‍ശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെ കണ്ടു. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും സന്ദർശനം നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ പത്തു മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവിനൊപ്പം യുഡിഎഫ് കൺവീനർ എംഎം ഹസൻ, പിഎംഎ സലാം, സിപി ജോൺ, ജി ദേവരാജൻ , സുൽഫിക്കർ മയൂരി, മണ്ണാർക്കാട് എംഎൽഎ എൻ ഷംഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.