വിഖ്യാത ചലച്ചിത്ര സംവിധായകൻ കിം കിം ഡുക്ക് അന്തരിച്ചു

Friday, December 11, 2020

ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസായിരുന്നു. അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ സംവിധായകനായിരുന്നു. ലാത്വയയിൽ വച്ച് കൊവിഡ് ബാധിച്ചായിരുന്നു കിം.കി ഡുക്കിന്‍റെ അന്ത്യം. നവംബർ 20 നാണ് കിം കി ഡുക്ക് ലാത്വിയയിലെത്തിയത്.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക്ക് ജനിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുക്കിന്‍റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. 2004-ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി. സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും. ഹ്യൂമൻ,സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്‍റർ… ആന്‍റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ.

‘പിയത്ത’ പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം. മാറിമറിയുന്ന മനുഷ്യജീവിത ഭാവങ്ങളെ കിം തന്‍റെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചു . നിഷ്‌കളങ്കത, ഹിംസ, കാമം, സ്വാർത്ഥത, പശ്ചാത്താപം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ ഭാവങ്ങളും കിമ്മിന്‍റെ സിനിമകളിലൂടെ ആസ്വാദകൻ അനുഭവിക്കുകയായിരുന്നു .

കൊറിയൻ സംവിധായകനായ കിം കിദുക്കിന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ കിം കി ഡ്യുക്കിന്റെ സിനിമകൾ ആരവമായാണ് പ്രേക്ഷകർ വരവേറ്റത്. സമ്മർ വിന്റർ ഫാൾ സ്പ്രിങ്ങ്’ അടക്കം ലോകോത്തര സിനിമകൾ ഒരുക്കിയ പ്രതിഭയുടെ മരണത്തിൽ ചലച്ചിത്രപ്രേമികൾ ആകെ ഞെട്ടലിലാണ്.