കൂടത്തായി റോയി വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹർജി തള്ളി

Jaihind Webdesk
Thursday, December 15, 2022

 

കോഴിക്കോട്: കൂടത്തായി റോയി വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾക്ക് തുടക്കമാവും. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്‌. സ്വത്ത് കൈക്കലാക്കാനായി ജോളി ആറു കൊലപാതകങ്ങളാണ് നടത്തിയത്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചായിരുന്നു. 2011 ലെ റോയി കൊലപാതകത്തിലെ വിടുതല്‍ ഹർജിയാണ് കോടതി തള്ളിയത്.

17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങൾ നടന്ന കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യത്തേത് 2002 ഓഗസ്റ്റിലായിരുന്നു. വിഷം കലർത്തിയ ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം 2008 ല്‍ അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, 2011 ല്‍ ഇവരുടെ മകനും ജോളിയുടെ ഭർത്താവുമായ റോയി തോമസ് എന്നിവർ. പരമ്പരയില്‍ നാലാമതായി കൊല്ലപ്പെട്ടത് അന്നമ്മ തോമസിന്‍റെ സഹോദരന്‍ എം.എം മാത്യു ആയിരുന്നു. 2014 ലായിരുന്നു ഈ കൊലപാതകം. ഒരു മാസത്തെ ഇടവേളയില്‍ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെട്ടു. 2016ല്‍ ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയായിരുന്നു അവസാനമായി കൊല്ലപ്പെട്ടത്. ഇതില്‍ റോയി തോമസിന്‍റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

‌റോയിയുടെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഇതിന്‍റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. അന്വേഷണത്തിന്‍റെ ഭാഗമായി കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തി. ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ് മാത്യു, സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി. ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ് മാത്യുവും ജയിലിലാണ്. ആറ് മരണങ്ങളില്‍ അഞ്ചിലും സയനൈഡിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ ജോളി തോമസ് അറസ്റ്റിലായിട്ട് ഒക്ടോബറിൽ മൂന്നു വർഷം തികഞ്ഞിരുന്നു.