പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമടയിലെ അപകടത്തില്‍ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ഹിറ്റാച്ചി ഓപ്പറേറ്ററായ അജയ് റായിയുടെ മൃതദേഹമാണ് പുറത്തെത്തിച്ചത്. ബിഹാര്‍ സ്വദേശിയാണ് അജയ് റായ്. ഹിറ്റാച്ചിയുടെ ക്യാബിന് ഉള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ റോപ്പില്‍ അപകടസ്ഥലത്തേക്ക് ഇറങ്ങിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ കൊല്ലപ്പെട്ട ഒഡീഷ സ്വദേശിയായ മഹാദേബ് പ്രധാന്റെ (51) മൃതദേഹം അപകടദിവസം തന്നെ കണ്ടെത്തിയിരുന്നു. അപകട സ്ഥലത്ത് പാറയിടിയുന്നത് വെല്ലുവിളിയായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ലോങ്ങ് ബൂം എസ്‌കവേറ്റര്‍ എത്തിച്ച് 8 മണിക്കൂറിനു ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. പാറമടയുടെ മുകള്‍ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് ഹിറ്റിച്ചിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് കൊല്ലപ്പെട്ടത്. യന്ത്രം ഉപയോഗിച്ച് പാറ മാറ്റിയായിരുന്നു ഇന്നലെ മഹാദേബ് പ്രധാന്റെ മൃതദേഹം പുറത്തെടുത്തത്.